2012 ഡിസംബർ 11, ചൊവ്വാഴ്ച

അതൃമാന്ക്കാ..VS... മയ്യിത്ത്‌ കട്ടില്‍..!!

കൂ.................................................! ഒരു കിലോമീറ്റരിനിടയില്‍  ആ ഒരു ഒരു കൂവല്,‍ അത് മതി അതൃ മാന്ക്കയുടെ വരവറിയാന്‍..അല്ലാതെ ഈ നാലാം ക്ലാസ് മീന്കാരെ പോലെ തൊണ്ട പൊളിച്ചു കൂവി മരിക്കേണ്ട കാര്യോമോന്നും മൂപ്പര്‍ക്കില്ല...! കാരണം, ഇന്ന് "സ്വര്‍ണ്ണം ആലുക്കാസീന്നാ എടുത്തത്"‌ എന്ന് പറയുമ്പോ പെണ്പിള്ളേര്‍ക്കു‍ണ്ടാവുന്ന ഒരു ഇതാണ് "മീന്‍ അതൃ മാന്ക്കയോടാണ് വാങ്ങിയത്" എന്ന് പറയുമ്പോ അന്ന് ഞങ്ങളെ അവിടത്തെ പെണ്ണുങ്ങള്‍ക്ക്‌ ഉണ്ടായിരുന്നത്‌..! ബ്രാണ്ടെട് ഐറ്റം..ന്യായ വിലയില്‍..! മാന്യമായ സേവനം..! ചിലര്‍ക്കൊക്കെ വില്പ്പനാനന്തര സേവനവും ഉണ്ടായിരുന്നു എന്നൊക്കെ കേട്ടിട്ടുണ്ട്..!
 
 
പറയുമ്പോ എല്ലാം പറയണമെല്ലോ..അല്ലാതെ ഒരാളെ കുറ്റവും കുറവും പറയാന്‍ എനിക്ക് ഇഷ്ടമുണ്ടായിട്ടല്ല..!! സമയ കുറവും മൂലമോ ജീവിത പ്രാബ്ധങ്ങള്‍ക്കിടയില്‍ ശ്രദ്ധിക്കാതെ വിടുന്നതോ എന്താണെന്നറിയില്ല പതിവായി വസ്ത്രം മാറുന്ന പതിവ് മൂപ്പര്‍ക്കില്ലയിരുന്നു..!
 
കാലത്ത് മീന്‍ മാര്‍ക്കറ്റിലേക്ക് പോവുമ്പോ ഒന്നോ രണ്ടോ വാഴക്കുലയും കാണും കൂട്ടയില്‍,പണ്ടത്തെ "കാവോടി " എന്ന് വിളിക്കുന്ന ഒരു സംവിധാനമായിരുന്നു.. മുളയില്‍ തീര്‍ത്ത   നീളനും ഉറപ്പുള്ളതും എന്നാല്‍ ആയാസമാനുസരിച്ചു വളയുന്നതുമായ ഒരു തണ്ട്...അതിന്‍റെ രണ്ടു അറ്റത്തും നാലിതളില്‍ തൂക്കിയിട്ട കയറു അതിനോട് ബന്ധിച്ചു താഴെ തൂങ്ങിയാടുന്ന കൂട്ടകള്‍..! ഒരു കൂട്ടയില്‍ മീന്‍ പൊതിയാനുള്ള തേക്കിലയോ ഉപ്പൂത്തി എന്ന് ഞങ്ങള്‍ വിളിക്കുന്ന മരത്തിന്റെ ഇലകളോ. ആവും ...മറു കൂട്ടയില്‍ വാഴക്കുലയോ  വേറെ വല്ല മലന്ച്ചരക്കുകളോ ഉണ്ടാവും.. ഏതായാലും രാവിലെ കൊയിലാണ്ടിയിലെക്കുള്ള പോക്കല്ലേ..വല്ലതും കിടക്കട്ടെ എന്ന് വെച്ച് സംഘടിപ്പിക്കുന്നതാ.!!
 
 
 
 
 
 
 
 
വാഴക്കറ,പൈങ്ങയുടെ  (അടയ്ക്കയുടെ ആദ്യ രൂപം)  കറ, ഇതല്ലാം കൂടെ ചേര്‍ന്നൊരു കൊളാഷ് ആയിരുന്നു ആ ജൂബയും മുണ്ടും..രണ്ടും വാങ്ങിച്ച സമയത്ത് വൈറ്റ് ആയിരുന്നു എന്ന് കേട്ട് കേള്‍വിയുണ്ട്..! ഈ പരക്കം പാച്ചിലിനിടയില്‍ പള്ളിയില്‍ പോവാനും സമയം കിട്ടാറില്ലായിരുന്നു..! മത വിരോധം കൊണ്ടല്ല..മതത്തിന്റെ പേരിലുള്ള പാര്ട്ടിയിലോക്കെ സജീവമായിട്ടുണ്ട്..! മത പ്രഭാഷണ സീസന്‍ ആയാല്‍ പാതിരാ വരെ ഇരുന്നു കേള്‍ക്കും..! അതിനൊന്നും ഒരു കുറവുമില്ലാ..! "അല്ല മനുഷ്യാ നിങ്ങക്കൊന്നു കുളിച്ച് ആ പള്ളിക്കലേക്ക് പോയാലെന്താ"..ആമിന ത്താ വന്ന കാലം മുതല്‍ നൂറ്റൊന്നാവര്തിക്കുന്നതാ..എന്നീട്ടെന്തു ഫലം..!
 
 
 
 
 
 
നിത്യമായ ഈ കായികാഭ്യാസം കൊണ്ടാവും പുള്ളിക്കാരനെ വലിയ അസുഖ ങ്ങള്‍ ഒന്നും അലട്ടിയിരുന്നില്ലാ..! അതിനും വേണ്ടി ആമിനത്തായ്ക് അസുഖമോഴിഞ്ഞ സമയം വിരളമായിരുന്നു..! വയസ്സിനോളം ബുദ്ധി കാണിക്കാത്ത പുന്നാര മകനും.എല്ലാവരും പറയുന്നേ ആ പാവത്തിനെ തീറ്റ കൊടുത്ത് അങ്ങിനെ ആക്കിയതെന്നാ.എന്നും ഒരു പൊതി അവനു മിക്കവാറും ബേക്കറി ഐറ്റം....വീട്ടിലെത് കൂടാതെ ഹോട്ടെല്‍ ഫുഡ്‌ വേറെ.. ഈ ഒരെണ്ണമേയുള്ളൂ പരമ്പര നിലനിര്‍ത്താന്‍..!!  ഇപ്പൊ വയസ്സ് ഇരുപത്തി രണ്ടു..കാര്യമായ പുരോഗതിയോന്നുമില്ല..! ഇനി ആകെ ഒരു കണ്ടു പിടുത്തം അവനെ കൊണ്ട് പെണ്ണ് കേട്ടിച്ചാ അവനങ്ങ്‌ ഉഷാറാവുമെന്നാ..അപ്പൊ ആമിനതായ്ക്ക് ഒരു കൂട്ടും ആവൂലെ..!
 
 
അങ്ങിനെ മഞ്ഞും മഴയും വെയിലുമൊക്കെ കഴിഞ്ഞപ്പോ പ്രത്യേകിച്ച് ഒരു മാറ്റവുമില്ലാതെ കാലം പതുക്കെയങ്ങു കടന്നു പോയീ....! ആമിനതാ ഒരു നിത്യ രോഗിയായീ..!  പരാശ്രയമില്ലാതെ കാര്യങ്ങള്‍ നടത്താന്‍ പറ്റാതായീ..! അതൃ മാന്ക്കാ ആകെ പ്രയാസത്തിലായി.. മോന്‍റെ പെണ്ണുകാണല്‍ ചടങ്ങും അവര് വന്നു നോക്കുന്നതുമാല്ലാതെ അവിടെ നിന്ന് ഇത് വരെ ഒരു ഇഞ്ച്‌ പോലും നീങ്ങിയില്ലാ..! കച്ചവടത്തിന് മറ്റും പഴയ ചുറു ചുറുക്കു നഷ്ടപ്പെട്ടു..! മിക്കവാറും ഹോട്ടെല്‍ ഭക്ഷണം..!!
 
 
ആയിടയ്ക്ക് ഒരു ദിവസം മീന്‍ കച്ചോടം കഴിഞ്ഞു വീട്ടിലെത്തി ഒരു കട്ടനുണ്ടാക്കി കുടിച്ചു അല്‍പ്പം വിശ്രമിക്കുംബോഴാനു നമ്മുടെ പോസ്റ്റുമാന്‍ ആ വഴി കയറി വരുന്നത് ശ്രദ്ധയില്‍ പെട്ടത്..! അപ്പുറത്തെ വീട്ടിലേക്കു പെന്‍ഷനും കൊണ്ട് വരുന്നതാവും..! മൂപ്പര് ചായയും കുടിച്ചു ബീഡിയും പുകച്ചു ചിന്തകളില്‍ മുഴുകി..അതിനിടയില്‍ പോസ്റ്റുമാന്‍ അരികിലെത്തിയതറിഞ്ഞില്ല.."അള്ളാ ഇങ്ങള് ഇരിക്ക്" എന്താപ്പം ഇങ്ങോട്ടൊക്കെ..? അതൃ മാനിക്കാ ആകെ പരിഭ്രാന്തനായി..കാരണം മൂപരെ അറിവില്‍ ഒരു പോസ്റ്റുമാനും മൂപരും തമ്മില്‍ ഇടപെടേണ്ട ഒരു കേസ് ഇത്  ഉണ്ടായിട്ടില്ല..! അന്ന് ആദ്യമായി അതൃമാന്ക്കയ്ക്കും ഒരു കത്ത് കിട്ടി..! ങ്ങള് തന്നെ അങ്ങ് വായിച്ചേ..! ഒരു നിസംഗതയോടെ മൂപ്പര് ആവശ്യപ്പെട്ടു..! 
 
 
തിരക്കാണെങ്കിലും നമ്മളെ അതൃമാന്ക്കായല്ലേ...പോസ്റ്റുമാന്‍ തിടുക്കത്തില്‍ പൊട്ടിച്ചു ഇങ്ങനെ വായിച്ചു തുടങ്ങി...!
 
 
പ്രിയപ്പെട്ട അതൃ മാന്ക്കാ..,
 
 
ഞാന്‍ നിങ്ങളെ തേടി വരുന്നതിനു മുന്‍പ് നിങ്ങള്‍ പള്ളിയിലേക്ക് വരണം..!
 
 
                                                                                          സസ്നേഹം    
 
                                                                                          മയ്യിത്ത് കട്ടില്‍
                                                                                          പാലോളി ജുമാ മസ്ജിദ്.    
 
രണ്ടു പേരും അല്‍പസമയം തരിച്ചു പോയീ.. ! ആരോ തമാശയ്ക്ക് ചെയ്തതാവും..ങ്ങള് കാര്യമാക്കണ്ട..പോസ്റ്റുമാന്‍ സമാധാനിപ്പിച്ചു..! എന്നാലും അതൃമാന്ക്കയുടെ മനസ്സിലൊരു കയറു പൊട്ടി..എന്തോ ഒരു പിടുത്തം വിട്ട പോലെ..! വിറയാര്‍ന്ന കൈകളോടെ കത്ത് മേടിച്ചു വെച്ച്..ആരോടും ഒന്നും മിണ്ടിയില്ല..അന്ന് രാത്രി ആമിനത്തായ്ക്ക് അസുഖം മൂര്ചിച്ചു..! അയല്‍ക്കാര് കൂടി ആശുപത്രിയില്‍ എത്തിച്ചു..നേരം വെളുക്കാന്‍ അല്പം സമയം കൂടി ബാക്കി വെച്ച് അടുത്ത പ്രഭാതം കാണാന്‍ നില്ക്കാതെ അവര് യാത്രയായീ...! കാലത്ത് എട്ടു മണിയോട് കൂടി ഭവതിയുടെ മയ്യിത്ത്‌ വീട്ടിലെത്തിച്ചു..കുറെ കാലം അസുഖമായി കിടന്ന കാരണം ഒരു വിധ ക്കാരെല്ലാം കണ്ടിരുന്നു..കാര്യങ്ങളൊക്കെ വേഗത്തില്‍ വേണ്ടപ്പെട്ടവര്‍ ചലിപ്പിച്ചു..! പെട്ടെന്ന് അതൃ മാന്ക്കാ നടവഴിലേക്ക് നോക്കിയതും തനിക്കു ഇന്നലെ എഴുത്ത് അയച്ച മയ്യിത്ത്‌ കട്ടില്‍ തല ഉയര്‍ത്തി വിജയ ഭാവത്തില്‍ അങ്ങിനെ കയറി വരുന്നു..നാട്ടിലെ ചുറു ചുറുക്കുള്ള കുട്ടികള്‍ എന്നും അത്തരം കാര്യങ്ങള്‍ക്കൊക്കെ മുന്‍പന്തിയിലായിരുന്നു.!
 അവന്‍ വന്നു ഇത്തവണ എന്നെ തേടിയാല്ല..അടുത്ത വരവ് ഉടനുണ്ടാവുമെന്ന് പറയാതെ പറയാനും അവന്‍ മറന്നില്ല..അതിനു മുമ്പ് ചില മാറ്റങ്ങളൊക്കെ വേണം..അതൃ മാന്ക്കാ തന്റെ പ്രിയതമയുടെ മയ്യിത്ത് നിസ്കാരത്തോടെ ചില മാറ്റങ്ങള്‍ക്കു വേണ്ടി മനസ്സിനെ ഒരുക്കി നിര്‍ത്തി..!!
 
                                                 ****************ശുഭം *******************